കൊച്ചി: കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ ഫോണില്‍ വലിയ അഴിമതി നടന്നെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.
ടെണ്ടർ തുകയെക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വർധിപ്പിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നു. നേരത്തേ ഹർജി പരിഗണിക്കവേ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ സിബിഐയെ അന്വേഷണം ഏൽപ്പിക്കണമെന്നുമുള്ളത് ഈ ഘട്ടത്തിൽ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കെഫോണുമായി ബന്ധപ്പെട്ട സിഎജിയുടെ റിപ്പോർട്ട് ലഭ്യമാകുമ്പോൾ നിയമസഭയും പിഎസിയും പരിശോധിക്കും. ശേഷം ഉചിതമായ നടപടിക്ക് അവസരമുണ്ട് എന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ല എന്നാണു തങ്ങളുടെ തീരുമാനമെന്നും കോടതി വ്യക്തമാക്കി.