കൊച്ചി: യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടിയുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ഡി.എസ്.ഡയസാണ് ജാമ്യാപേക്ഷ തള്ളിയത്.
2016-ൽ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍വച്ച് സിദ്ധീഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടി നൽകിയ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി. സിനിമയില്‍ അവസരം നല്‍കാമെന്നും അതിനായുളള ചര്‍ച്ചയ്ക്കാണെന്നു പറഞ്ഞാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായാണ് നടി പരാതി നല്‍കിയത്.
താന്‍ നിരപരാധിയാണെന്നാണ് സിദ്ദിഖ് ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ കേസിന്റെ മുന്നോട്ടുള്ള പോക്കിന് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതോടൊപ്പം യുവതിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചതായും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാേപക്ഷ കോടതി നിരാകരിച്ചത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. 376ാം വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.