കൊച്ചി: മോട്ടോര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് ആകാമെന്ന് കേരളാ ഹൈക്കോടതി. ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി. കൂളിങ് ഫിലിം നിര്‍മ്മിക്കുന്ന കമ്പനി, കുളിങ് ഫിലിം പതിപ്പിച്ചതിന് പിഴ ചുമത്തിയതിനെതിരേ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നതെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. വാഹന ഉടമയ്‌ക്കെതിരേ ഉള്‍പ്പെടെ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നോട്ടീസും മറ്റും റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കുന്നത് സുപ്രീം കോടതി തന്നെ നിരോധിച്ചിട്ടുള്ളതാണെന്നാണ് എതിര്‍ഭാഗത്തിന്റെ വാദം. അതേസമയം, ഈ വിധി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്‍പുള്ളതായിരുന്നെന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂവെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ്ങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും ഉടമയ്ക്ക് സാധിക്കില്ലെന്ന വാദവും കോടതി തള്ളിയിരുന്നു.