തൃശ്ശൂർ: തൃശ്ശൂരിൽ വൻ എടിഎം കവർച്ച. മണിക്കൂറുകൾക്കുള്ളിൽ കർച്ചാ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കൽ ജില്ലയിലെ പച്ചംപാളയത്ത് വെച്ചാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച കണ്ടെയ്നര്‍ ലോറി പിന്തുടര്ന്ന് തമിഴ്നാട് പോലീസാണ് സംഘത്തെ സാഹസികമായി പിടികൂടിയത്. അതിനിടെ വെടിവെപ്പുണ്ടാകുകയും പ്രതികളിലൊരാള്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന് പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്. കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്.
മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10 ന് ആദ്യം മോഷണം നടന്നത്. കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.
മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.കെ.ലോജിസ്റ്റിക്സിന്റേതാണ് കണ്ടെയ്നർ എന്നാണ് പ്രാഥമിക വിവരം. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.