പേരാമ്പ്ര: പേരാമ്പ്രയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരനെ (സിറ്റി ശ്രീധരന്‍- 69) കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്രീധരനും ശ്രീലേഷും സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വഴക്ക് പലപ്പോഴും സംഘർത്തിലായിരുന്നു കലാശിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.
മരണം നടന്ന അന്നും ശ്രീധരനും ശ്രീലേഷും തമ്മില്‍ വീട്ടില്‍ വെച്ച് വഴക്കുണ്ടായിരുന്നു. കുറച്ച് ദിവസമായി ഇവർ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച ഉച്ഛയ്ക്ക് രണ്ട് മണിയോടെ ശ്രീലേഷ് തന്നെയാണ് വിമലയെ വിളിച്ച് സംഭവത്തെക്കുറിച്ച് പറയുന്നത്.
മർദ്ദനത്തെക്കുറിച്ച് സംസാരിക്കാതെ ശ്രീധരൻ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ടെന്നും തനിക്ക് നോക്കാന്‍ പറ്റില്ലെന്നും പറയുകയായിരുന്നു. ഇതോടെ വിമല ഭർത്താവിന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യായനിയെ വിളിച്ച് വിവരം പറഞ്ഞു. വീട്ടില്‍ കാര്യം അന്വേഷിച്ച കാർത്ത്യായനി ഉടന്‍ തന്നെ വിവരം നാട്ടുകാരേയും അറിയിച്ചു.
നാട്ടുകാർ വീട്ടില്‍ കയറി പരിശോധിച്ചപ്പോള്‍ ശ്രീധരനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്നില്‍ ആഴത്തിലുള്ള മുറിവും ഇതില്‍ നിന്ന് രക്തം ഒഴുകിയതായും കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ നിന്നെ ശ്രീലേഷിന്റെ കാര്യത്തില്‍ സംശയം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
മർദ്ദനത്തില്‍ ശ്രീധരന്റെ വാരിയെല്ലും തകർന്നിട്ടുണ്ട്. ഇതാണ് മരണകാരണമായതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേയും ശ്രീലേഷ് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷം മുൻപ് ശ്രീധരനെ മോട്ടര്‍സൈക്കിള്‍ ഇടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ കാലൊടിഞ്ഞ ശ്രീധരന്‍ ദീർഘനാള്‍ ചികിത്സയിലുമായിരുന്നു.