കോഴിക്കോട്: നിരവധി കവർച്ചാ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കാപ്പ ചുമത്തി ജയിലടച്ചു. കുന്ദമംഗലം സ്വദേശി അറപ്പൊയിൽ മുജീബ് (38) നെയാണ് സിറ്റി ക്രൈം സ്ക്വാഡ് സംഘം പിടികൂടി കാപ്പ ചുമത്തി ജയിലടച്ചത്. പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്നും 2021-ൽ സ്വർണ്ണം കവർച്ച നടത്തിയതടക്കമുള്ള കേസിലെ പ്രധാന പ്രതിയായ ഇയാൾ കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരീക്കോട്, കൊണ്ടോട്ടി കൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും, പണവും വിലപിടിപ്പുള്ള മുതലുകൾ പിടിച്ചുപറിയും കവർച്ചയും ഉൾപ്പെടെ ഇയാൾക്കെതിരേ നിരവധി കേസുകളുണ്ട്.
കളവ് നടത്തിയ വാഹനം ഉപയോഗിച്ച് പല സ്ഥലങ്ങളിൽ സഞ്ചരിച്ച് കവർച്ചയും പിടിച്ചുപറിയും നടത്തുകയാണ് പതിവ്. കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം പന്ത്രണ്ടാം തിയ്യതി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനിടെ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് കൊയിലാണ്ടിയിൽ നിന്നും കളവുചെയ്ത മോട്ടോർ സൈക്കിളുമായി സിറ്റി ക്രൈം സ്ക്വാഡ് സംഘം പ്രതിയെ പിടികൂടിയത്. കൂടാതെ കളവ് നടത്താൻ ഉപയോഗിക്കുന്ന കമ്പിപ്പാരയും മറ്റ് ആയുധങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തു.
വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.