Trending

VarthaLink

സുഭദ്ര കൊലക്കേസ്: മാത്യൂസും ശര്‍മിളയും കർണാടകയിൽ പിടിയിൽ, പ്രതികളുമായി പോലീസ് കേരളത്തിലേക്ക്


ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിഥിന്‍-33), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ മണിപ്പാലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രക്ഷപെടാനുള്ള യാത്രാമധ്യേയാണ് പ്രതികൾ പിടിയിലായത്. പ്രതികളുമായി പോലീസ് കേരളത്തിലേക്ക് തിരിച്ചു. നാളെ ആലപ്പുഴയിൽ എത്തിച്ച് ചോദ്യം ചെയ്യും. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കിയിരുന്നു.

എറണാകുളത്തുനിന്ന് കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര (73) യുടെ മൃതദേഹമാണ് കഴിഞ്ഞ ചൊവ്വാഴ്ച ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതിമാരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ സുഭദ്ര ഒടുവില്‍ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോണ്‍ ലൊക്കേഷന്‍ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഓഗസ്റ്റ് 10-ന് മാത്യൂസിനോട് സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശര്‍മിളയും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.

സുഭദ്രയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാകാം കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. സ്വര്‍ണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയില്‍നിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിള്‍ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി. അനാഥയായ ശര്‍മിള എറണാകുളത്ത് ഒരു കോണ്‍വെന്റില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു. ഇവര്‍ക്കൊപ്പം തീര്‍ഥയാത്രകളും നടത്തിയിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം സങ്കീർണമായിരുന്നു. ശരീരത്തിൽ ക്രൂരമർദ്ദനം ഏറ്റതായി പോസ്റ്റുമോട്ടത്തിൽ പ്രാഥമിക വിവരമുണ്ടെങ്കിലും മരണകാരണം വ്യക്തമല്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.


Post a Comment

Previous Post Next Post