കോഴിക്കോട്: അത്യാഹിതത്തിൽപ്പെടുന്ന രോഗികൾക്ക് എക്സറേ സൗകര്യം പോലുമില്ലാതെ മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയ ശേഷം രോഗികൾക്ക് ചികിത്സ വൈകുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ആദ്യം വേണ്ട എക്സറേ യൂനിറ്റ് മിക്ക ദിവസങ്ങളിലും പണിമുടക്കിലായിരിക്കും. രണ്ടാഴ്ച മുമ്പ് പണിമുടക്കിയ എക്സറേ പ്രവർത്തനക്ഷമമായില്ല. ഇടക്കിടെ പണി മുടക്കുന്ന എക്സറേ ഒരു മാസം വരെ അടച്ചിട്ട ശേഷമാണ് നന്നാക്കുക. രണ്ടാമത്തെ എക്സറേ യൂനിറ്റിൽ മെഷീൻ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും നിർമ്മാണ് നടത്തുന്ന കമ്പനി ഇത് മെഡിക്കൽ കോളേജിന് കൈമാറിയിട്ടില്ല.
ഫലത്തിൽ രണ്ടു റൂമുകൾക്കു മുന്നിൽ എക്സ്റേ എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും എക്സ്റേ എടുക്കണമെങ്കിൽ രോഗികളെ 300 മീറ്റർ അകലെ ജനൽ ആശുപത്രി ബ്ലോക്കിൽ എത്തിക്കണം. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്രദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കുന്നു. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽ വരിനിന്ന് പരിശോധനക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർ കൂടി നടന്ന് മെയിൻ കൗണ്ടറിൽ ചെന്ന് പണം അടക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം കരാറെടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഹൈറ്റ്സ് ആണ് മെഷീൻ സ്ഥാപിച്ചത്. നിലവാരം കുറഞ്ഞ എക്സറേ മെഷീനാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം. മാത്രമല്ല, പ്രവർത്തനശേഷിയും കുറവാണ്. ഇതുകാരണം മെഷീൻ ഇടക്കിടെ പണിമുടക്കും. ഇത് മാറ്റി ഗുണനിലവാരമുള്ള മെഷീൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറ്റ്സിന് കത്ത് കൊടുത്തിരിക്കുകയാണ് മെഡിക്കൽ കോളജ് അധികൃതർ.