ബാലുശ്ശേരി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ബാലുശ്ശേരി ടൗൺ. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപ്പാസ് നിർമ്മിക്കാൻ 10 വർഷം മുൻപ് ഫണ്ട് അനുവദിച്ചെങ്കിലും ബൈപ്പാസ് നിർമ്മിക്കാനുള്ള റൂട്ടുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ ബാലുശ്ശേരി ബ്ലോക്ക് റോഡിൽ നിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും അവസാനിക്കുന്നത് ബാലുശ്ശേരി മുക്കിലാണ്. നൂറുകണക്കിന് വാഹനങ്ങളാണ് സദാസമയം പെരുവഴിയിൽ കുടുങ്ങുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് രോഗികളുമായി കുതിക്കുന്ന ആംബുലൻസുകളും പലപ്പോഴും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു. ബാലുശ്ശേരി ടൗണിൽ ട്രാഫിക് സംവിധാനമുണ്ടെങ്കിലും വാഹനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ പെടാപ്പാട് പെടുകയാണ് ട്രാഫിക് പോലീസുകാർ.
ബാലുശ്ശേരി കൈരളി ജങ്‌ഷനിലാണ് കൂടുതൽ കുരുക്ക് അനുഭവപ്പെടുന്നത്. ടൗണിൽനിന്നും കൈരളി റോഡ് വഴി നന്മണ്ടയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ ഈ വഴി വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. ഇത് ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. ഓട്ടോറിക്ഷകളും സ്വകാര്യവാഹനങ്ങളും ടൗണിന്റെ ഹൃദയഭാഗത്ത് പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ വ്യക്തമായ ഇടമില്ലാത്ത സ്ഥിതിയുമുണ്ട്. അവരുടെ ജോലിയെയും ഇത് ബാധിക്കുന്നുണ്ട്. കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങളെ പനായിൽ നിന്നും ആരംഭിക്കുന്ന റോഡിലൂടെ കടത്തിവിട്ടാൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇതിലെ എളുപ്പത്തിൽ നന്മണ്ടയിലെത്താൻ കഴിയും. ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ ഇതുകൊണ്ട് പരിഹാരമാകും.
ബൈപ്പാസിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് വിവിധ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ആർജവത്തോടെ മുന്നോട്ടുപോകാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. പലതവണ സർവേ പ്രവർത്തനങ്ങൾ നടന്നെങ്കിലും എങ്ങുമെത്താത്ത സ്ഥിതിയാണുള്ളത്. പ്രദേശവാസികളിൽ ചിലരുടെ എതിർപ്പും രാഷ്ട്രീയ ഇടപെടലുമാണ് ബൈപ്പാസ് നിർമ്മാണത്തിന് തടസ്സമാകുന്നതെന്ന് ആക്ഷേപമുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ടൗണിലെ പാർക്കിങ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, ഈ മാറ്റങ്ങൾ ഇനിയും പ്രായോഗികമാക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്ക് വർധിക്കുന്നതിനാൽ ഇത് കച്ചവട സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്.