നന്മണ്ട: നന്മണ്ട ആർ.ടി.ഒ ഓഫീസിനടുത്തെ വാഹന പുക പരിശോധന കേന്ദ്രത്തിൽ നിന്ന് കാർ റോഡിലേക്ക് ഉരുണ്ടുനീങ്ങി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ചേളന്നൂർ സ്വദേശികളായ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
ഡ്രൈവറില്ലാതെ കാർ റോഡിലേക്ക് ഉരുണ്ടപ്പോൾ എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു. ഇതേസമയം നന്മണ്ടയിൽനിന്ന് കാക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലും ഇടിച്ചാണ് അപകടം. ബാലുശ്ശേരി എസ്.ഐ. വിനോദൻ, എസ്.സി.പി.ഒ. അനീഷ്, ഡ്രൈവർ ഫൈസൽ കോളോത്ത് എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി.