Trending

VarthaLink

എകരൂലിൽ പച്ചക്കറിലോറി കടയ്ക്കു മുന്നിലെ കൈവരിയിൽ ഇടിച്ചുകയറി അപകടം

എകരൂൽ: തമിഴ്നാട്ടിൽനിന്ന് പച്ചക്കറിയുമായി വരുകയായിരുന്ന മിനിലോറി സംസ്ഥാനപാതയിൽ എകരൂൽ പാലം തലയ്ക്കൽ വളവിൽ അപകടത്തിൽപ്പെട്ടു. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് അപകടം. വലിയ ശബ്ദംകേട്ട് ഞെട്ടിയുണർന്നതായി അടുത്തവീട്ടുകാർ പറഞ്ഞു.

റോഡരികിലെ സൂപ്പർമാർക്കറ്റ് കടയുടെമുന്നിലെ ലോഹകൈവരികളും മുറ്റത്ത് പാകിയ ടൈൽസുകളും തകർത്ത് ലോറി തോട്ടിലേക്ക്‌ വീഴാറായ നിലയിലായിരുന്നു. താഴെതോട്ടിലേക്ക് പതിക്കാതിരുന്നത് വലിയദുരന്തം ഒഴിവാക്കി. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഈ വളവിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഗണിക്കാതെ അടുത്തിടെ റോഡ് നവീകരിച്ചപ്പോൾ പാലത്തിനും റോഡിനും വീതികൂട്ടാതെയാണ് പ്രവൃത്തി നടത്തിയതെന്നും സ്ഥല സൗകര്യമുണ്ടായിട്ടും അല്പമെങ്കിലും വളവുനിവർത്താനോ പാലത്തിന് വീതികൂട്ടാനോ തയ്യാറാകാത്തത് അപകടങ്ങൾ വർധിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ലോറിഡ്രൈവർ ഉറങ്ങിപ്പോയതോ, എതിരെവന്ന വാഹനത്തിന് സൈഡുകൊടുത്തപ്പോൾ നിയന്ത്രണം നഷ്ടമായതോ ആവാം അപകടകാരണമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post