Trending

VarthaLink

മലപ്പുറത്ത് എം പോക്‌സ്; വിദേശത്ത് നിന്നെത്തിയ യുവാവിൻ്റെ പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന 38 കാരനായ എടവണ്ണ സ്വദേശിക്കാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. 

വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. 

കഴിഞ്ഞദിവസം രാവിലെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍ പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് എം പോക്‌സ് സംശയിച്ച് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

Post a Comment

Previous Post Next Post