Trending

VarthaLink

വേങ്ങേരി ജംഗ്ഷൻ ഇന്ന് ഉച്ചയോടെ ഭാഗികമായി തുറന്നു

കക്കോടി: ദേശീയപാത വികസനത്തിന് ഒന്നര വർഷത്തോളമായി അടച്ച വേങ്ങേരി ജങ്ഷൻ ഭാഗികമായി ഇന്ന് ഉച്ചയോടെ തുറന്നു. കോഴിക്കോട് - ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്ത് നിന്ന് ബൈപാസിലേക്ക് നിർമ്മിച്ച വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്) യുടെ നിർമ്മാണ പ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ച ശേഷമാണ് തുറന്നത്.

അസംസ്കൃത വസ്തുക്കളുടെ ലഭ്യതകുറവും മഴയും കാരണം പല തവണ നിന്നുപോയ പ്ര​വൃ​ത്തി​യാ​ണ് ഏ​റെ വൈ​കി പാ​തി പൂർത്തിയാക്കിയി​രി​ക്കു​ന്ന​ത്. ഇ​നി വാഹനങ്ങൾക്ക് തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. ഇന്ന് രാവിലെയോടെ പാലത്തിൻ്റെ സുരക്ഷ മതിലുകൾ സ്ഥാപിച്ചാണ് ഉച്ചയോടെ ഗതാഗതത്തിന് തുറന്നു കൊടുത്തത്. വെങ്ങളം- രാമനാട്ടുകര ആറുവരി ദേശീയപാതയ്ക്ക് കുറുകെ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലായിരുന്നു പാലം. പാതിഭാഗമായ 13.5 മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമ്മാണം നേരത്തേ പൂർത്തിയായിരുന്നു.

ആറുവരിയുടെ അവശേഷിക്കുന്ന പാതിഭാഗത്ത് റോഡ് താഴ്ത്തി പുതിയ പാത നിർമ്മിക്കുന്നതിനിടയിൽ കഴിഞ്ഞ ജനുവരിയിൽ ജൽ ജീവൻ കുടിവെള്ള പൈപ്പിൻ കേടുപാട് സംഭവിച്ചു. ഇതേതുടർന്ന് നിർമ്മാണം നിർത്തി വെച്ചു. ഓവർപാസ് നിർമ്മാണത്തിന് തടസ്സമായ ജെയ്ക പദ്ധതിയുടെ കൂറ്റൻ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് പുതിയ പൈപ്പുകൾ എത്തിച്ചിട്ടുണ്ട്. നാലു ദിവസത്തിനുള്ളിൽ പൈപ്പ് മാറ്റുന്നതിൻ്റെ പ്രവൃത്തിയാരംഭിക്കും.

Post a Comment

Previous Post Next Post