ഉള്ളിയേരി: ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായത് എന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞ് മരിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അമ്മയും കുഞ്ഞും മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ അത്തോളി പോലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.