ബാലുശ്ശേരി: പഞ്ചായത്ത് ഒന്നാം വാർഡ് ഓഞ്ഞില്‍, പുളിവയല്‍ മേഖലകളിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം. ഓഞ്ഞിലിലെ കർഷകരായ കാരക്കട ജോസ്, ഇല്ലിക്കല്‍ ജോർജ്, വലിയാനം കണ്ടത്തില്‍ ഏലിയാമ്മ എന്നിവരുടെ നിരവധി ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.
കാലങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായി കർഷകർ ദുരിതത്തിലായിട്ടും കൂരാച്ചുണ്ട് പഞ്ചായത്തില്‍ കാട്ടുപന്നികളെ കൊന്നൊടുക്കാൻ കർഷകർക്ക് തോക്കിന് ലൈസൻസ് ലഭ്യമായിട്ടില്ല. ആവശ്യഘട്ടങ്ങളില്‍ ഷൂട്ടർമാരെ സമീപ പഞ്ചായത്തുകളില്‍ നിന്നും എത്തിക്കുകയാണ് പതിവ്. കാട്ടുപന്നികള്‍ പെരുകിയതോടെ കർഷകർ വൻതുക ചെലവഴിച്ച് ചെയ്യുന്ന കൃഷിയാണ് നശിപ്പിക്കപ്പെടുന്നത്. പലരും കൃഷി പാടെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണുള്ളത്.
കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ശല്യവും മൂലം കൃഷി ഏറെ പ്രതിസന്ധിയിലാണെന്നാണ് കർഷകർ പറയുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.