കൊടുവള്ളി: നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിൽ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച കച്ചേരിമുക്ക്- കൊടുവള്ളി റോഡിന്റെ ഭാഗം അധികൃതർ ടാർ ചെയ്തു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്. റോഡിന്റെ പകുതി ഭാഗം പൈപ്പ് സ്ഥാപിക്കാനായി കീറിയിരുന്നു. ഈ ഭാഗത്ത് അപകടങ്ങളും പതിവായിരുന്നു. ആറ് മാസത്തിലധികമായി ഈ ഭാഗം ടാർ ചെയ്യാത്തതിനാൽ പരിസരവാസികളും യാത്രക്കാരും ദുരിതത്തിലായിരുന്നു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
ഇത് സംബന്ധിച്ച് വാർത്താലിങ്ക് നേരത്തെ വാർത്ത നൽകിയിരുന്നു. റോഡ് ഉപരോധം ഉൾപ്പെടെ ജനകീയ സമരം ശക്തമാക്കിയതോടെയാണ് അധികൃതർ റോഡ് ടാർ ചെയ്യാൻ തയ്യാറായത്. ജൽജീവൻ കുടിവെള്ള പദ്ധതിക്കായി കീറിയ കിഴക്കോത്ത് പഞ്ചായത്തിലേതുൾപ്പെടെ മറ്റ് റോഡുകൾ ഇനിയും ടാർ ചെയ്തിട്ടില്ല. ബാക്കിയുള്ള റോഡുകളും ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.