നന്മണ്ട: നന്മണ്ട ഗ്രാമപ്പഞ്ചായത്തിലെ കൂളിപ്പൊയിൽ-ആയോളി റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.150 മീറ്റർ ദൈർഘ്യം വരുന്ന റോഡ് പത്തോളം കുടുംബങ്ങളുടെയും അങ്കണവാടി കുട്ടികളുടെയും ആശ്രയമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു.
ചെറിയ മഴയിൽപ്പോലും ചെളിവെള്ളം നീന്തിക്കടക്കണമെന്ന സ്ഥിതിയാണ്. നാൾക്കുനാൾ റോഡ് ശോച്യാവസ്ഥയുടെ പാരമ്യത്തിലെത്തുകയാണ്. പ്രദേശവാസികൾക്ക് കൂളിപ്പൊയിലുമായി ബന്ധപ്പെടാനും നാഷണൽ റോഡുമായി ബന്ധപ്പെടാനും ഈ പോക്കറ്റ് റോഡ് ഗതാഗതയോഗ്യമാക്കിയാൽ സാധ്യമാകും. തുലാവർഷത്തിന് മുൻപുതന്നെ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അടുത്തദിവസം തന്നെ പണിയാരംഭിക്കുമെന്ന് മെമ്പർ വിജിത കണ്ടിക്കുന്നുമ്മൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഗ്യാസ് പൈപ്പ്‌ലൈൻ പ്രവൃത്തിയും തുടർച്ചയായ മഴയുമാണ് പ്രവൃത്തി ആരംഭിക്കാൻ കാലതാമസം വന്നതെന്നും മെമ്പർ പറഞ്ഞു.