Trending

VarthaLink

ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറില്‍ മാത്രം; നിര്‍ണായക ചുവടുവയ്പ്പുമായി കേരളം


തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സുപ്രധാനമായ ഉത്തരവുമായി ആരോഗ്യവകുപ്പ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായാണ് എഎംആര്‍ പ്രതിരോധത്തില്‍ ഇത്തരമൊരു പദ്ധതി സർക്കാർ ആവിഷ്കരിക്കാൻ പോകുന്നത്.

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 

ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മാർഗ്ഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം, കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക. ഒരു വ്യക്തിക്കായി ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയില്‍ മറ്റുള്ളവര്‍ മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക. ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകള്‍ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെയറിയരുത് എന്നിവയാണ് നിർദേശങ്ങൾ.

Post a Comment

Previous Post Next Post