കോഴിക്കോട്: കോഴിക്കോട് മാങ്കാവിലെ ലുലു മാളിൽ പ്രാർത്ഥനാ റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39) എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
സെപ്തംബർ 26 വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പം ലുലു മാളിലെത്തിയ 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ കഴുത്തിലെ ഒന്നേകാൽ പവൻ സ്വർണ്ണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. ലുലു മാളിലെ തിരക്കിനിടയിൽ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ഉമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധന നടത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു.
മുമ്പ് സമാന കുറ്റകൃത്യം ചെയ്തതിന് പ്രതികൾക്കെതിരെ പന്തിരാങ്കാവ് പോലീസ് സ്റ്റേഷനിൽ കേസുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കാസർഗോഡ് പടന്നയിൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണമാല പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.