കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലതല അദാലത്ത് വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതു മുതല്‍ ജൂബിലി ഹാളില്‍ നടക്കുന്ന അദാലത്തിന്റെ ഒരുക്കം പൂര്‍ത്തിയായി.
അദാലത്തില്‍ പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ജില്ലതല അദാലത്തിലേക്ക് 690 പരാതികളും ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 459 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിങ് പെര്‍മിറ്റ് കംപ്ലീഷന്‍-297, നികുതികള്‍-79, പദ്ധതി നിര്‍വഹണം-50, വിവിധ സേവന ലൈസന്‍സുകള്‍-38, ആസ്തി മാനേജ്‌മെന്റ്-31, ഗുണഭോക്തൃ പദ്ധതികള്‍-30, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത-23, മാലിന്യ സംസ്‌കരണം-21, സാമൂഹിക സുരക്ഷ പെന്‍ഷന്‍-19, സിവില്‍ രജിസ്‌ട്രേഷന്‍-12 എന്നിങ്ങനെയാണ് ലഭിച്ച മറ്റു പരാതികള്‍. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം.
പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി ആറ് കൗണ്ടറുകള്‍ വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക. രേഖാമൂലം തയാറാക്കിയ പരാതികള്‍ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പരാതികള്‍ കൗണ്ടറില്‍ സമര്‍പ്പിച്ച് കൂപ്പണ്‍ കൈപ്പറ്റണം. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിഗണിച്ച ശേഷമായിരിക്കും പുതിയ അപേക്ഷകള്‍ പരിശോധിക്കുക. അഞ്ച് ഉപജില്ലതല സമിതികള്‍, ജില്ലതല സമിതി, സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി എന്നിവയാണ് അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കുക.
തദ്ദേശ സ്വയംഭരണ മന്ത്രിക്കു പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍, റൂറല്‍ ഡയറക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ സാമൂതിരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ അറിയിച്ചു.