നന്മണ്ട: സ്കൂട്ടറിൽ വിദേശമദ്യവും ആയുധങ്ങളും കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. നന്മണ്ട കണ്ടിയിൽ സനലേഷ് (39) ആണ് വടകര പോലീസിന്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ 25 കുപ്പി വിദേശമദ്യവും ഇരുമ്പുദണ്ഡും വടിവാളും പോലീസ് കണ്ടെടുത്തു. സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.
വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവള്ളൂരിൽ ദുരൂഹസാഹചര്യത്തിൽ സനലേഷിനെ കണ്ട നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി പരിശോധിച്ചപ്പോഴാണ് മദ്യവും ആയുധങ്ങളും കണ്ടത്. ആയുധവും മദ്യവും കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.