കോഴിക്കോട്: വടകര നാദാപുരം റോഡിൽ കാറപകടത്തിൽ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരന് ഭാരുണാന്ത്യം. കൊയിലാണ്ടി കേയന്റെ വളപ്പില്‍ സ്വദേശി അയ്ഷ ബെയ്തിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. യുവാവിൻ്റെ കൂടെ കാറിലുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാൻ (18), മുഹമ്മദ് റിഷാദ് (19), ആദിൽ (20), മജീദ് (20), സെയ്തു (21) എന്നിവർ പരിക്കുകളോടെ വടകര പാർക്കോ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 8.45ഓടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു കാർ. ഇതിനിടെയാണ് നാദാപുരം റോഡിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് ജീവനക്കാരുടെ വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.