Trending

VarthaLink

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം; ഇത് എന്തുതരം വിചാരണയാണെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീം കോടതി വാദം കേൾക്കലിനിടെ ചോദിച്ചു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ദിലീപിന്റെ അഭിഭാഷകൻ 87 ദിവസത്തോളം ബൈജു പൗലോസിനെ വിസ്താരം നടത്തുന്നത് ഒരു ഘട്ടത്തിൽ പോലും സർക്കാർ തടഞ്ഞില്ലെന്നും പൾസർ സുനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിന് തന്നെ ഭീഷണിയാകുമെന്നും സുപ്രീംകോടതിയിൽ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

തുടർന്ന്, പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് കോടതി നിർദ്ദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് വിചാരണക്കോടതിക്ക് മുമ്പിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

Post a Comment

Previous Post Next Post