വടകര: വടകര പുഞ്ചിരിമില്ല് ദേശീയപാതയിൽ പിക്കപ്പ് വാൻ ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരെ ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് രക്ഷിച്ച് ബസ് ഡ്രൈവർ. വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന നാവിഗേറ്ററ്‍ ബസിന്റെ ഡ്രൈവർ ഷിജേഷാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ബസിന് മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിച്ച പിക്കപ്പ് വാൻ തട്ടി സ്കൂട്ടർ യാത്രികരായ കുട്ടി ഉൾപ്പടെ 3 പേർ റോഡിലേക്ക് തെറിച്ചുവീണു. ബസിന് മുന്നിലേക്കാണ് മൂവരും വീണത്. ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് ഡ്രൈവർ ഷിജേഷ് ബസ് പെട്ടെന്ന് വെട്ടിച്ചുമാറ്റി. അല്ലായിരുന്നെങ്കിൽ റോഡിലേക്ക് വീണ മൂവരുടേയും ദേഹത്തേക്ക് ബസിന്റെ ടയറുകൾ കയറിയിറങ്ങുമായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ഡ്രൈവർ ഷിജേഷിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരുന്നത്. പരിക്കേറ്റ സ്‌കൂട്ടർ യാത്രികരെ ഹൈവേ പോലിസെത്തി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.