Trending

VarthaLink

മോഷ്ടിച്ച മൊബൈലിൽ നിന്നും ജി-പേ വഴി പണം തട്ടിയെടുത്ത ചേളന്നൂർ സ്വദേശി പിടിയിൽ


കൊച്ചി: പള്ളിയിൽ നിസ്കരിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പതിനായിരങ്ങൾ തട്ടിയെടുത്ത ചേളന്നൂർ സ്വദേശി കോതമംഗലം പോലീസിന്റെ പിടിയിലായി. ചേളന്നൂർ വില്ലേജ് പാലത്തിനു സമീപം കോണോട്ടുതാഴം ഹിറാ മൻസിലിൽ മുനീബ് (29) ആണ് അറസ്റ്റിലായത്. ഇയാൾ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിന്റെയാണ് മൊബൈലും പണവും നഷ്ടപ്പെട്ടത്. 

14-ന് ഉച്ചയ്ക്ക് നിസ്ക്കരിക്കാൻ പള്ളിയിൽ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈലുമായി മുനീബ് കടന്നത്. അന്നുതന്നെ തട്ടിയെടുത്ത മൊബൈലിലൂടെ ഗൂഗിൾപേ ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു. എ.ടി.എമ്മിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് കുഞ്ഞുമുഹമ്മദ് അറിയുന്നത്. ഓണാവധി കഴിഞ്ഞ് ചൊവ്വാഴ്ച ബാങ്ക് ശാഖയിൽ എത്തി അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ മനസ്സിലായത്. 

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ചെറുവട്ടൂർ ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. പോലീസ് എത്തി കൈവശമുള്ള മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ തട്ടിയെടുത്ത മൊബൈലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post