കണ്ണൂർ: കൂത്തപറമ്പിലെ മദ്രസയിൽ ക്രൂര പീഡനം നേരിട്ടെന്ന് വിദ്യാർത്ഥിയുടെ പരാതി. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് അധ്യാപകൻ്റെ മര്‍ദ്ദനത്തിന് ഇരയായത്. അജ്മലിന്റെ കുടുംബത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് മതപഠന ശാലയിലെ അധ്യാപകൻ ഉമയിർ അഷറഫി(26)നെതിരെ പൊലീസ് കേസെടുത്തു.
കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസിലാണ് സംഭവം. ഇവിടുത്തെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ. പഠനകാര്യത്തിൽ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാൻ ശ്രമിച്ച അജ്മലിനെ ഉമയൂർ അഷറഫി കൂടുതൽ മർദ്ദിക്കുകയായിരുന്നു.
ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചു. കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചു. നാല് മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നുവെന്നും അജ്മൽ ഖാൻ പറഞ്ഞു. സഹിക്കാൻ കഴിയാതെ മതപഠന ശാലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് അജ്മലിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മൽ മർദ്ദനവിവരം തുറന്നുപറഞ്ഞിരുന്നില്ല. വീട്ടുകാർ കുട്ടിയുടെ ശരീരത്തിൽ പൊള്ളിയ പാടുകളടക്കമുള്ള മുറിവുകൾ കണ്ടതോടെയാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.