തിരുവനന്തപുരം: വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ നിന്നും ബ്ലേഡ് കണ്ടെത്തി. പാലോട് സ്വദേശി അനീഷ്, മകൾ സനുഷ എന്നിവർ വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അധികൃതർ എത്തി ഹോട്ടൽ അടപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കുമാർ ടിഫിൻ സെൻ്റെറിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ ആണ് ബ്ലേഡ് കണ്ടെത്തിയത്. രാവിലെ പ്രാതൽ കഴിക്കാൻ വേണ്ടി എത്തിയതായിരുന്നു ഇരുവരും. മകൾക്ക് വേണ്ടി വാങ്ങിച്ച ഉഴുന്നുവടയിലായിരുന്നു ബ്ലേഡ്.
കുട്ടി പല്ലിൽ കമ്പിയിട്ടിരുന്നു. വട കടിക്കുന്നതിനിടെ ഈ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ഇക്കാര്യം ടിഫിൻ സെൻ്ററിൻ്റെ അധികൃതരെ അറിയിച്ചു. ബ്ലേഡിൻ്റെ പകുതി ഭാഗമാണ് വടയിൽ ഉണ്ടായിരുന്നത്. ഉടനെ തന്നെ അവിടെയുണ്ടായിരുന്നവർ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെയും അറിയിച്ചു. അധികൃതർ എത്തി ഹോട്ടലിൽ പരിശോധന നടത്തിയ ശേഷം അടച്ച് പൂട്ടുകയായിരുന്നു. അതേസമയം വടയിലെ ബ്ലേഡിൻ്റെ പകുതി മറ്റൊരാൾക്കും കിട്ടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.