Trending

VarthaLink

ഒടുവില്‍ പുറത്ത്; എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എസ്പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍. സുജിത് ദാസ് ഐ പിഎ എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സുജിത്ത് ദാസിനോട് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.

എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളാണ് ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. മരം മുറി ആരോപണത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ആരോപണങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയും നിര്‍ദേശിച്ചിരുന്നു.

Post a Comment

Previous Post Next Post