താമരശ്ശേരി: കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്‍ (46), അടിവാരം വാഴയില്‍ വി ഷെമീര്‍ (40) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഷെമീറും ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നഗ്ന പൂജ നടത്തണമെന്ന് പൂജാരിയായ പ്രകാശന്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഷെമീര്‍ ഭാര്യയെ പൂജക്ക് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. നഗ്ന പൂജക്ക് വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് പ്രകാശനാണെന്നും ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്നപൂജ നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തിൽ പൂജ നടത്തിയെന്നാണ് പറഞ്ഞതെന്നും യുവതി പറയുന്നു. തന്റെ മേൽ ബാധ ഉണ്ടെന്നാണ് ഇയാൾ ഭർത്താവിനോട് പറഞ്ഞത്. ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വന്നത്തോടെയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ അറസ്റ്റിലായ ഭർത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാൽ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു