കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്തിനടുത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി ഏരിപ്പറമ്പിൽ പട്ടേരി റഹീസ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്.
കൂടെ യാത്ര ചെയ്ത സുഹൃത്താണ് ഇയാൾ വീണ വിവരം മറ്റ് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് യാത്രക്കാർ ചെയിന്‍ വലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പൊയില്‍ക്കാവിനടുത്ത് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ പോലീസും, കൊയിലാണ്ടി അഗ്നിരക്ഷാ സേനയും തെരച്ചില്‍ നടത്തിയാണ് അരങ്ങാടത്ത് വെച്ച് ഗുരുതര പരിക്കുകളോടെ ഇയാളെ കണ്ടെത്തിയത്. ഇരുപാളത്തിൻ്റെയും ഇടയിലാണ് റഹീസിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്സ് ജീവനക്കാർ ഉടന്‍ തന്നെ റഹീസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖത്തറിൽ ജോലി ആവശ്യത്തിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിന് ചെന്നൈക്ക് പോകുകയായിരുന്നു ഇയാൾ.
പയ്യോളി പട്ടേരി റസാഖിൻ്റെയും ജമീലയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. ഒന്നര വയസ് പ്രായമുള്ള മകനുണ്ട്. റമീസ്, റജീസ് എന്നിവർ സഹോദരങ്ങളാണ്.