ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇതോടെ കെജ്‌രിവാൾ ജയിൽ മോചിതനാകും. കേസിലെ വിചാരണ നീണ്ടുപോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസ്‌റ്റഡി അനന്തമായി നീട്ടാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ഇതേകേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതായുരുന്നു ഉത്തരവ്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കേയാണ് ജൂണ്‍ 26ന് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മാര്‍ച്ച് 21നാണ് സംഭവത്തിൽ ആദ്യ അറസ്റ്റ് ഉണ്ടായത്. അന്ന് ഇഡിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മെയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി അവസാനിച്ച അദ്ദേഹം ജൂൺ 2ന് ജയിലിലേക്ക് മടങ്ങിയിരുന്നു.