പേരാമ്പ്ര: കുഴല്‍പ്പണ വിതരണക്കാരെ ആക്രമിച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ. കുഴൽ പണം വിതരണം ചെയ്യുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന അന്തർ സംസ്ഥാന കവര്‍ച്ചാ സംഘത്തെയാണ് മാഹിയില്‍ നിന്നും പേരാമ്പ്ര പോലീസ് പിടികൂടിയത്.
പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മാരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) തുടങ്ങിയവരാണ് അറസ്റ്റിലായത്. ബൈക്കില്‍ എത്തുന്ന കുഴല്‍പ്പണ വിതരണക്കാരെ മര്‍ദിച്ച് ഇവരുടെ വാഹനത്തില്‍ കയറ്റി പണം കൈക്കലാക്കി അവരെ വഴിയില്‍ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി.
സമാനരീതിയില്‍ സെപ്റ്റംബര്‍ 10 ന് കടമേരി സ്വദേശി ജൈസനെ സംഘം ആക്രമിച്ച് 7 ലക്ഷം രൂപ കവരുകയും ഇയാളെ വെള്ളിയൂരില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പേലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പേരാമ്പ്ര ഡി.വൈ.എസ്.പി കെ.കെ. ലതീഷ്, ഇന്‍സ്പെക്ടര്‍ ജംഷിദ്.പി എന്നിവരുടെ നിര്‍ദേശ പ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഷമീറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.