നന്മണ്ട: കാക്കൂർ കെ.എസ്.ഇ.ബി പരിധിയിൽ നന്മണ്ട -14 ൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ച 11 കെ.വി ട്രാൻസ്ഫോർമർ ലൈനിൽ പച്ചിലപ്പടർപ്പുകൾ. കെ.കെ.എൻ. 246-ാംനമ്പർ ട്രാൻസ്ഫോർമറിലാണ് വള്ളിച്ചെടികൾ പടർന്നുകയറിയത്.
എഴുകുളം ഭാഗം, വളഞ്ഞ പതിന്നാല് വരെയുള്ള ഭാഗം, കൈരളി റോഡിലെ കുറച്ചുഭാഗം എന്നിവിടങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി സ്ഥാപിച്ചതായിരുന്നു ട്രാൻസ്ഫോർമർ. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാവേണ്ട ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതി വിതരണത്തിലും വോൾട്ടേജ് കൂടിയും കുറഞ്ഞുമുള്ള നിലയിലാണ്. അതിനുള്ള കാരണമായി ഉപഭോക്താക്കൾ പറയുന്നത് പച്ചിലകളും പച്ചിലക്കമ്പുകളും ലൈനിൽ തട്ടി ഉരസുമ്പോഴുണ്ടാകുന്ന ഘർഷണമാണ്. ലൈനിലൂടെയുള്ള ഈ വൈദ്യുതപ്രവാഹം നാട്ടുകാർക്ക് ഷോക്ക് വരെ ഏൽക്കാൻ കാരണമാകുന്നു.
ഇടയ്ക്കിടെയുണ്ടാകുന്ന പ്രകാശം വ്യാപാരികളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതായി വ്യാപാരികളും പറയുന്നു. തൊട്ടടുത്ത് സ്കൂളുള്ളതിനാൽ രക്ഷിതാക്കളും ഭീതിയിലാണ്. അപകടത്തിന് കാത്തുനിൽക്കാതെ ലൈനിലെ പച്ചിലക്കാടുകൾ വെട്ടിമാറ്റി നാട്ടുകാരുടെ ഭീതിയകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.