കെല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ യുവാവിന് പോലീസുകാരുടെ ക്രൂരമായ മർദ്ദനം. സംഭവത്തിൽ എസ്‌ഐക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. അവശനിലയിലായ യുവാവ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിക്കല്‍ സ്വദേശിയും ഇഞ്ചക്കാട് ബാർ ഹോട്ടലിലെ ജീവനക്കാരനുമായ ഹരീഷ് (38) നാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാൻ ഭാര്യയോടൊപ്പം കാറില്‍ പോകവേ എതിർ ദിശയില്‍ വന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാറോടിച്ചിരുന്നയാളുമായി തർക്കമുണ്ടായി. ഇയാള്‍ കൊട്ടാരക്കര സ്റ്റേഷനിലെ പോലീസുകാരനായിരുന്നു.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം പണം സംഘടിപ്പിക്കാനായി രാത്രി 9 മണിയോടെ ഹരീഷ് ബാർ ഹോട്ടലില്‍ എത്തി. ഈ സമയം സ്വകാര്യ വാഹനത്തിലെത്തിയ നാലംഗ പോലീസ് സംഘം ഹരീഷിനെ പിടികൂടി കാറിലിട്ട് മർദിക്കയും പല സ്ഥലങ്ങളിലൂടെ കാറോടിച്ച് മർദനം തുടരുകയും ചെയ്തു. പുലർച്ചെ രണ്ടോടെ സ്റ്റേഷനിലെത്തിക്കുകയും സ്റ്റേഷനില്‍ മേശയില്‍ കമിഴ്ത്തി കിടത്തി ഇലക്‌ട്രിക് ലാത്തി കൊണ്ട് ക്രൂരമായി അടിച്ചതായും കൈകൊണ്ട് ഇടിച്ചതായും ഹരീഷ് ആരോപിക്കുന്നു.
ഹരീഷിന്‍റെ ശരീരമാസകലം അടികൊണ്ട പാടും പൊട്ടലുമുണ്ട്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജഡ്ജി ഹരീഷിനെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സംഭവങ്ങള്‍ മനസിലാക്കിയ ജഡ്ജി ഹരീഷിന് ജാമ്യം അനുവദിക്കുകയും വിദഗ്ധ ചികിത്സയ്ക്ക് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ മർദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ പ്രദീപിനെതിരേ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്‍റ് അഥോറിറ്റിക്കും പരാതികള്‍ നല്‍കാനൊരുങ്ങുകയാണ് ഹരീഷും കുടുംബവും.