കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് യുവാവ് വീണത്. പയ്യോളി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.
ട്രെയിനില്‍ അരങ്ങാടത്ത് എത്തിയപ്പോൾ ഒരാള്‍ വീഴുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ പോലീസും, കൊയിലാണ്ടി അഗ്നിരക്ഷാ സേനയും അരങ്ങാടത്ത് മുതല്‍ ചെങ്ങോട്ടുകാവ് വരെ തെരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലിന് ഒടുവിൽ യുവാവിനെ അരങ്ങാടത്ത് നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.