പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണം.
തിരക്കേറിയ ബസ്സിൽ വിദ്യാർത്ഥി പടിയിൽ നിന്നും സുരക്ഷിതമായി ബസിനുള്ളിൽ കയറി വാതിലടയ്ക്കാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ പിടിവിട്ട വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു. കുട്ടിയുടെ മുതുകിൽ ബാഗ് ഉണ്ടായിരുന്നതിനാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
സ്‌കൂള്‍ സമയങ്ങളില്‍ സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ പല സ്വകാര്യ ബസ് ജീവനക്കാരും തയ്യാറാവുന്നില്ല. നിർത്തുന്ന ബസുകളാകട്ടെ നാലഞ്ച് മീറ്റർ ദൂരയാണ് നിർത്തുന്നത് ഇതുകാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓടികയറുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
പ്രദേശത്ത് ഇത്തരം സംഭവങ്ങൾ സ്ഥിരമാണെന്ന് നാട്ടുകാർ ആരോപിച്ചു. ബസുകളുടെ മത്സരോട്ടം ഈ റൂട്ടിൽ പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇന്ന് സന്ധ്യയോടെ മത്സരോട്ടം നടത്തിയ സ്വകാര്യ ബസുകൾ മുളിയങ്ങലിൽ നാട്ടുകാർ തടഞ്ഞു.