തിരുവനന്തപുരം: പാപ്പനംകോട് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായി രണ്ട് പേർ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. വൈഷ്ണവയ്ക്കൊപ്പം മരിച്ചത് ഭർത്താവ് ബിനു തന്നെയെന്നും സംഭവം കൊലപാതകം തന്നെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു.
വൈഷ്ണവയെ ബിനു തീ കൊളുത്തിക്കൊന്നതെന്നാണ് പൊലീസ് നിഗമനം. തീ കൊളുത്താൻ ബിനു മണ്ണെണ്ണയോ ടർപ്പന്റൈനോ ഉപയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കി. വൈഷ്ണവ വിവാഹ മോചനത്തിനായി തയ്യാറെടുത്തുവെന്നും ഇതിൽ ബിനു പ്രകോപിതനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതിനിടെ ബിനു നരുവാമൂട് നിന്ന് ബാഗുമായി ഓട്ടോയിൽ കയറി കാരയ്ക്കാമണ്ഡപത്ത് ഇറങ്ങുന്നതിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാൽനടയായാണ് ബിനു പാപ്പനംകോടുള്ള ഇൻഷൂറൻസ് ഓഫീസിലേക്ക് പോയത് എന്നതും വ്യക്തം
പാപ്പനംകോഡ് ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുടെ ഓഫീസിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ഓഫീസിന് മുന്നിലുള്ള ഗ്ലാസിന്‍റെ ചില്ല് പൊട്ടിവീണതോടെയാണ് സമീപവാസികൾ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലേക്ക് ശ്രദ്ധിച്ചത്. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇൻഷുറൻസ് കമ്പനി ഓഫീസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്.