കൊച്ചി: സംസ്ഥാനത്ത് വീണ്ടും എംപോക്സ് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. യുവാവ് നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടുകൂടിയായിരുന്നു രോഗനിർണയം. രോഗം ഗുരുതരമാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന വിവരം.
നേരത്തേ യുഎഇയില്‍ നിന്നു വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അതിതീവ്ര വ്യാപനശേഷിയുള്ള എംപോക്സ് ക്ലേഡ് വൺ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് രോഗം ബാധിച്ചേക്കാം എന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കേന്ദ്ര നിർദ്ദേശപ്രകാരമാണ് എംപോക്സ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത്.