ബാലുശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വയലട സ്വദേശി ഡിബിൻ രാജിനാണ് (31) പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8 മണിയോടെ തലയാട് പടിക്കൽവയൽ വച്ചാണ് സംഭവം. ഡിബിന്റെ തലയ്ക്കും താടിയെല്ലിനും കൈക്കും കാല്‍മുട്ടിനും പരിക്കുണ്ട്. തലയാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഡിബിന്‍.
സുഹൃത്തിനെ കാണുന്നതിനുവേണ്ടി എസ്റ്റേറ്റ് മുക്കിലേക്ക് പോവുന്നിടെ മരുതും ചുവട്ടിൽ എത്തിയപ്പോൾ കാട്ടുപന്നി ബൈക്കിനുനേരെ വന്ന് ആക്രമിക്കുകയായിരുന്നു. ഈ പ്രദേശത്ത് റോഡിന്റെ ഇരുവശത്തും കാടുമൂടി കിടക്കുകയാണ്. കിനാലൂർ എസ്റ്റേറ്റ് ഭാഗങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കക്കയം ഫോറസ്റ്റ് സെക്ഷനിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം.
മുമ്പും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. നിരവധി പരാതികൾ നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കാട്ടുപന്നികളെ തുരത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.