കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ (54) അന്തരിച്ചു. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു. കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.
വെടിവെപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിയേറ്റുവീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്‍.