Trending

VarthaLink

അരവിന്ദ് കേജ്‌രിവാളിന് പകരം അതിഷി ഡല്‍ഹി മുഖ്യമന്ത്രിയാകും


ന്യൂഡൽഹി: കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേനയെ തിരഞ്ഞെടുത്തു. ഇന്നു ചേർന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് നിലവിൽ മന്ത്രി കൂടിയായ അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്. ഷീലാ ദീക്ഷിത്തിനും സുഷമാ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതാ നേതാവാണ് അതിഷി.

സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സുനിത കെജ്‌രിവാൾ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നത്. ഒടുവിൽ ഇന്നു ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ അതിഷിയുടെ പേര് കെജ്‌രിവാൾ നിർദ്ദേശിക്കുകയായിരുന്നു. വൈകീട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയെ കണ്ട് കെജ്‌രിവാൾ രാജി സമർപ്പിക്കും. ഇതിനു പിന്നാലെ 4.30യോടെ അതിഷി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണു വിവരം.

കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം നിലവിൽ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചത് അവരായിരുന്നു.

Post a Comment

Previous Post Next Post