കോഴിക്കോട്: ഹജ്ജ്-2025 ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6-ലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഹജ്ജിന് ഇതുവരെ 18,835 ഓൺലൈൻ അപേക്ഷകളാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ലഭിച്ചത്.
ഇതിൽ 3768 അപേക്ഷകൾ 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം 45 വയസിന് മുകളിലുള്ള (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.