Trending

VarthaLink

നെഹുറുട്രോഫി വള്ളംകളി; കാരിച്ചാൽ ജലരാജാവ്, ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്


ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ആവേശ പോരാട്ടത്തില്‍ കപ്പുയർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം വര്‍ഷവും കിരീടം സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ചരിത്രമെഴുതി. ആവേശോജ്ജ്വലമായ ഫോട്ടോഫിനിഷിലാണ് കാരിച്ചാൽ ചുണ്ടൻ വിയപുരം ചുണ്ടനെ മറികടന്നത്. ഉച്ചയ്ക്ക് 2.15 ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

വൈകിട്ട് 3.24ഓടെയാണ് ഏവരും ആവേശത്തോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിച്ചത്. വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളിയാണ് ഒന്നര മാസത്തോളം വൈകി ഇന്ന് നടത്തിയത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടന്നു. ഉച്ചക്കുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടന്നത്. നൂറുകണക്കിനുപേരാണ് വള്ളം കളി മത്സരം കാണാൻ എത്തിയിരിക്കുന്നത്. വിദേശത്തുനിന്നും സംസ്ഥാനത്തുനിന്ന് പുറത്തുനിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post