നരിക്കുനി: നരിക്കുനിയിൽ സ്വകാര്യബസ് ഡ്രൈവർക്ക് മയക്കുമരുന്നു സംഘത്തിന്റെ അക്രമത്തിൽ പരിക്ക്. നരിക്കുനി പാറന്നൂർ തെക്കെ ചെനങ്ങര ടി.സി ഷംവീറിനാണ് (33) പരിക്കേറ്റത്. മയക്കുമരുന്നു സംഘത്തിന്റെ അക്രമം തടയാൻ ശ്രമിക്കുതനിടെ തലയ്ക്ക് പിന്നിൽ ആയുധം കൊണ്ട് അടിയേറ്റ് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി.
നരിക്കുനി കുമാരസാമി റോഡിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് ഡ്രൈവറായ ഷംവീർ നിന്ന് തന്റെ വാഹനത്തിൽ ഇന്ധനം നിറച്ചുവരുമ്പോൾ പമ്പിന് സമീപമുള്ള റോഡിൽ മറ്റു വാഹനങ്ങളെ തട്ടിച്ച് നിർത്താതെ പോയതുമായി ബന്ധപ്പെട്ടുണ്ടായ കൈയാങ്കളി തടയാൻ ശ്രമിക്കുന്നതിനിടെ മധ്യസ്ഥനായെത്തിയ ഡ്രൈവറാണ് അക്രമത്തിന് ഇരയായത്.
കാർ ഓടിച്ചുവന്ന മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത്. ഒന്നാം പ്രതി ജാസിതാണ് അക്രമം നടത്തിയതെന്നും നെഞ്ചിന് കുത്തുകയും നാവിക്കും വയറിനും ചവിട്ടുകയും തലയ്ക്ക് ആയുധം കൊണ്ട് അടിക്കുകയും വീണ്ടും അടിച്ചതിൽ നിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. സംഘത്തിലുണ്ടായിരുന്ന ജാസിതിന്റെ പേരിൽ നേരത്തേയും സമാനമായ കേസുണ്ടായതായി പറയുന്നുണ്ട്. മറ്റുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് എത്തുമ്പോഴേക്കും യുവാക്കൾ രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഷംവീർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. കാക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. അക്രമികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.