കോഴിക്കോട്: വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതകമാണെന്നാണ് സംശയം. സമീപത്ത് പിടിവലി നടന്നതിന്റെയും മറ്റും സൂചനകൾ ഉണ്ട്.
കഴുത്തില്‍ ലുങ്കിയിട്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവൻ തുണികളിട്ട് മൂടിയിരുന്നു. പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന കൊല്ലം സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് പുതിയ സ്റ്റാന്‍ഡിലും പരിസരത്തുമായി ഇയാളെ കണ്ടവരുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു ഗ്ലാസും സമീപത്തുണ്ട്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്ത വരികയുള്ളൂവെന്ന് പോലിസ് പറഞ്ഞു.
വടകര ഡിവൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.