കാക്കൂർ: കുമാരസാമി സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി ഭക്തവൽസലന്‍, കാക്കൂർ സ്വദേശിനി ആസ്യ എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയെ ലൈംഗിക അതിക്രമം ആരോപണം ഉന്നയിച്ച് 50,000 രൂപയാണ് തട്ടിയെടുത്തത്. പരാതി പൊലീസിൽ നൽകാതിരിക്കാൻ 6 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. ഭയപ്പെട്ട വ്യാപാരി ആദ്യ ഗഡുവായി 50,000 രൂപ ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് സുഹൃത്ത് മുഖേന കാക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാക്കൂർ പൊലീസ് ഇൻസ്പെക്ടർ സജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. എസ്ഐമാരായ വി.ജീഷ്മ, ടി.സുരേഷ്, എഎസ്ഐമാരായ കെ.കെ.ലിനീഷ്, കെ.എം.ബിജേഷ്, എസ്‌സിപിഒമാരായ സുബീഷ്ജിത്, അരുൺ, ഷാംനാസ്, സിപിഒമാരായ ബീജീഷ്, ബിജിനി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.