പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് പരിശോധനയും മുന്‍ കരുതലും ശക്തമാക്കി. സ്‌കൂളിലെ കിണര്‍ വെള്ളത്തില്‍ നിന്നാണോ രോഗം വ്യാപിച്ചതെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ സ്‌കൂളിലെ കിണര്‍ വെള്ളം പരിശോധനക്ക് വിധേയമാക്കിയതിന്റെ ഫലം വന്നതോടെ വലിയ ആശ്വാസത്തിലാണ് സ്‌കൂള്‍ അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും. ആരോഗ്യ വകുപ്പ് അധികൃതര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.വി. ആനന്ദിന്റെയും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീളയുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഇന്നലെ രാത്രി വൈകിയും സമീപത്തെ വീടുകളിലും മറ്റും പരിശോധന നടത്തി.
ഹെല്‍ത്ത് കാര്‍ഡും, ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ പരിസരത്തെ ഒരു കൂള്‍ബാറും ചായക്കടയും കുഴിമ്പില്‍ പാലത്തെ ഒരു കടയും ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂള്‍ബാറുകളില്‍ ലൈംജൂസ്, മറ്റ് ജൂസുകള്‍, പച്ചവെള്ളമുപയോഗിച്ച് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരും അധ്യാപകരും രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരുകയാണ്. വിദ്യാലയത്തിലെ പ്ലസ്ടു വിഭാഗത്തിലെ 275 വിദ്യാർത്ഥികളുടെ ടെസ്റ്റ് മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളൂവെന്നും മറ്റുള്ളവരുടെ പരിശോധന ഇന്ന് പൂര്‍ത്തീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വിദ്യലയത്തിലെ 43 വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനക്ക് വിധേയരായ പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ ഇനി ഓണാവധിക്ക് ശേഷമേ വിദ്യാലയത്തിലേക്ക് വരേണ്ടതുള്ളൂവെന്ന് സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു. പരിശോധനക്ക് വിധേയരാവാത്ത പ്ലസ്‌വൺ വിദ്യാര്‍ത്ഥികള്‍ നാളെ വിദ്യാലയത്തിലെത്തി പരിശോധന നടത്തേണ്ടതാണെന്നും പ്ലസ്ടു വിലാര്‍ത്ഥികര്‍ക്ക് പരീക്ഷ തുടരുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.