Trending

VarthaLink

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയും 3 വയസുകാരി മരിച്ചു

മലപ്പുറം: കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും മൂന്ന് വയസുകാരി മരിച്ചു. ചാപ്പനങ്ങാടി സ്വദേശി തെക്കത്ത് നാസറിന്‍റെ മകൾ ഇഫയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ പടപ്പറമ്പ് മൂച്ചിക്കൽ പുളിവെട്ടി ജാറത്തിനു സമീപമായിരുന്നു അപകടം. കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മുൻസീറ്റിൽ മാതാവിന്റെ മടിയിലായിരുന്ന കുട്ടിയുടെ മുഖത്ത് എയര്‍ബാഗ് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

പ്രവാസിയായ നാസർ രണ്ടുദിവസം മുമ്പാണ് ബന്ധുവിന്‍റെ നിക്കാഹിനോട് അനുബന്ധിച്ച് നാട്ടിലെത്തിയത്. നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങിനുപോയി തിരിച്ചുവരവെയാണ് അപകടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂടെ കാറിലുണ്ടായിരുന്ന നാസറിന്‍റെ സഹോദരിയുടെ മകൾക്ക് നിസ്സാര പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല. കൊളത്തൂർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

മാതാവ്: റംഷീന കുഴിമാട്ടിൽ കളത്തിൽ (കോട്ടക്കൽ). സഹോദരങ്ങൾ: റൈഹാന, അമീൻ. മൃതദേഹം പെരിന്തൽമണ്ണ ഗവ. ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post