പേരാമ്പ്ര: പേരാമ്പ്രയിൽ സ്വർണ മൊത്ത വ്യാപാരിയിൽ നിന്നും 3.22 കോടി രൂപ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. പേരാമ്പ്ര സ്വർണ മൊത്ത വ്യാപാരിയായ ദീപക് സേഠിൻ്റെ ചിരുതകുന്നിലുള്ള ഫ്‌ലാറ്റിൽ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ദീപകിനെയും ഇയാളുടെ കൂടെയുണ്ടായിരുന്ന ആനന്ദ് എന്നയാളെയും ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഹോണ്ട വെന്യൂ കാറും സംഘം കസ്റ്റഡിയിൽ എടുത്തു.
വർഷങ്ങൾക്കു മുമ്പ് മഹാരാഷ്ട്രയിൽ നിന്നും പേരാമ്പ്രയിൽ എത്തി സ്ഥിരതാമസമാക്കി സ്വർണ്ണ വ്യാപാരം നടത്തി വരുന്നയാളാണ് ദീപക്. ഇയാളുടെ കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭൂരിഭാഗം പണവും. ഹവാല ഇടപാടിലോ സ്വർണക്കള്ളക്കടത്ത് വഴിയോ ലഭിച്ച പണമാണ് ഇതെന്നാണ് സംശയിക്കുന്നത്. ഇവരെ കൂടുതെ മറ്റാര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഡിആർഐ സംഘം താമരശ്ശേരി നിന്നും പ്രതികളുടെ വാഹനത്തെ പിൻതുടർന്നാണ് പേരാമ്പ്രയിലെത്തിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി പത്തുമണിവരെ തുടർന്നു. മഹാരാഷ്ട്ര റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ എറണാകുളം, കോഴിക്കോട് ഡിആർഐ സംഘവുമായി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.