തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. എല്ലാ വിഭാഗം ആളുകൾക്കും മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 25 ലക്ഷം കുട്ടികൾക്കാണ് 5 കിലോ വീതം അരി ഓണത്തിന് നൽകുന്നത്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അരി. മാതാപിതാക്കളും അധ്യാപകരും അല്ലാതെ സ്‌കൂളിന് പുറത്തുനിന്നുള്ള ആരുമായും വിദ്യാർഥികൾ സഹകരിക്കരുതെന്ന് വർധിച്ചുവരുന്ന ലഹരി ഉപഭോഗം ചൂണ്ടികാട്ടി മന്ത്രി പറഞ്ഞു. പഠനം, അച്ചടക്കം പാഠ്യേതര വിഷയങ്ങൾ എന്നിവയിൽ വിദ്യാർഥികൾ മുൻപന്തിയിൽ എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ഓണം മികച്ച രീതിയിൽ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ നടത്തിയതായി അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, സ്‌കൂൾ പ്രിൻസിപ്പൽ കൽപ്പനാ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.